മൈക്രോസോഫ്റ്റ് തകരാർ ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു; മൂന്ന് സർവീസുകൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

 

ആഗോളതലത്തിലുണ്ടായ മൈക്രോസോഫ്റ്റ് സേവനങ്ങളുടെ തടസ്സം ഇന്ത്യയിലെ വ്യോമയാന മേഖലയെയും ബാധിച്ചു തുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് വിമാന സർവീസുകൾ റദ്ദാക്കിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. ഡൽഹിയിൽ നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ ഡൽഹിയിൽ നിന്ന് ദർബംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വൈകുകയും ചെയ്തു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ആശയവിനിമയ സംവിധാനങ്ങൾ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ ഇമെയിലുകൾ തടസ്സമില്ലാതെ ലഭിക്കുന്നത് ഉറപ്പാക്കാൻ ഇമെയിൽ ട്രാഫിക് താൽക്കാലികമായി വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ തന്നെ മറുപടി നൽകുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

മൈക്രോസോഫ്റ്റ് തകരാറിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോ, ആകാശ എയർ എന്നീ വിമാനക്കമ്പനികളും ഡൽഹി വിമാനത്താവളവും യാത്രക്കാർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാനങ്ങളുടെ സമയക്രമവും മറ്റ് അപ്‌ഡേറ്റുകളും കൃത്യമായി പരിശോധിക്കണമെന്ന് എയർലൈനുകൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.