മ്യാന്മറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു

 

മ്യാന്മറിൽ ബുദ്ധവിഹാരത്തിന് നേർക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. സെൻട്രൽ സഗയിങ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. നൂറിലധികം ആളുകൾ പങ്കെടുത്ത ഒരാഴ്ച നീളുന്ന ധ്യാനപരിപാടിക്കിടെയാണ് യുദ്ധവിമാനങ്ങൾ ബോംബെറിഞ്ഞത്.

15 മിനിറ്റ് വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് സൈന്യം വർഷിച്ചതെന്നും, കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നും സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. രണ്ടാമത്തെ ബോംബ് പതിച്ച് ബുദ്ധവിഹാരത്തിന് സമീപത്തെ വീടും തകർന്നിട്ടുണ്ട്.

ജനാധിപത്യവാദികൾക്കും സായുധ ഗോത്ര സംഘങ്ങൾക്കും നേരെ മ്യാന്മർ സൈന്യം തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണിത്. 2021 ഫെബ്രുവരിയിൽ പട്ടാളം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുകയാണ്.