കാണാതായ കുട്ടിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ ഹോമം

 

തമിഴ്‌നാട്ടിൽ കാണാതായ കുട്ടിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ ഹോമം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വില്ലുപുരത്ത് കാണാതായ കുട്ടിക്കായി സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ ഹോമം നടത്തിയത്. ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന ഹോമത്തിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ ബന്ധുക്കളും പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

കഴിഞ്ഞ ഒക്ടോബർ 10ന് ഏഴാം പിറന്നാൾ ആഘോഷിച്ച കുട്ടിയെ 11-ാം തീയതി മുതലാണ് കാണാതായത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കേസ് സിബിസിഐഡിക്ക് കൈമാറിയിരുന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഹോമം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.