'മോദിജിക്ക് കുട്ടികളില്ല, അതുകൊണ്ട് ആ വേദന അറിയില്ല'; വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി കെജ്രിവാൾ
പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെയും സുതാര്യമായ പരീക്ഷാ സംവിധാനം ആവശ്യപ്പെട്ടും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി ആക്രമിച്ചെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസ് ക്രൂരമായി ബലം പ്രയോഗിച്ചതെന്ന് കെജ്രിവാൾ പറഞ്ഞു. കല്ലോ വടിയോ ഇല്ലാതെ സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് ചെയ്ത കുട്ടികളെ മൃഗീയമായി തല്ലിച്ചതച്ചു. പലരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈകാലുകൾ ഒടിയുകയും ചെയ്തു. തുടർച്ചയായുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കഴിയാത്തത് പരീക്ഷാ സംവിധാനത്തിലെ വലിയ പരാജയമാണെന്നും, ഇതിനെതിരെ ശബ്ദമുയർത്തുന്ന കുട്ടികളെ ലാത്തി ഉപയോഗിച്ച് ഒതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
"മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് തന്നെ കുട്ടികളുടെ വേദന എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാവില്ല. ഈ സമരം ചെയ്യുന്ന കുട്ടികളെല്ലാം നമ്മുടെ മക്കളാണ്. അവരെ ഇങ്ങനെ മൃഗീയമായി ആക്രമിക്കുന്നത് ശരിയല്ല. നരേന്ദ്ര മോദിയുടെ അഹങ്കാരമാണ് ഇതിലൂടെ വ്യക്തമാകുന്നത്," കെജ്രിവാൾ വ്യക്തമാക്കി.
നിരവധി വിദ്യാർത്ഥികൾക്കെതിരെ പോലീസ് വ്യാജ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. പല കുട്ടികളും എവിടെയാണെന്ന് മാതാപിതാക്കൾക്ക് പോലും വിവരമില്ല. എ.എ.പി ആരംഭിച്ച ഹെൽപ്പ്‌ലൈനിലേക്ക് വന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനുകൾ നേരിട്ട് സന്ദർശിച്ച് എഴുപതിലധികം വിദ്യാർത്ഥികളെ മോചിപ്പിച്ചതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.