ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും തുല്യം

 

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും  തുല്യമാക്കി ഉയർത്തി. നിലവിൽ സെഡ് പ്ലസ് സുരക്ഷയാണ് മോഹൻ ഭാഗവതിന്. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സൺ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന ഘട്ടങ്ങളിൽ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും മോഹൻ ഭാഗവതിനെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് മോഹൻ ഭാഗവതിന് നിലവിൽ സുരക്ഷയൊരുക്കുന്നത്. പുതിയ സംരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അറിയിപ്പ് നൽകി.