മംഗളൂരുവിലെ ബീച്ചിൽ യുവാവിനും യുവതിക്കും നേരേ സദാചാര ആക്രമണം; മൂന്നുപേർ പിടിയിൽ

 

മംഗളൂരുവിന് സമീപം പനമ്പൂർ ബീച്ചിലെത്തിയ മലയാളി യുവാവിനും സുഹൃത്തായ ബെംഗളൂരു സ്വദേശിനിക്കും നേരേ സദാചാര പോലീസ് ചമഞ്ഞ് ഒരുസംഘം ആക്രമണം നടത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കളായ യുവാവും യുവതിയും ബീച്ചിലെത്തിയതിന് പിന്നാലെ കാവിഷാൾ ധരിച്ചെത്തിയ ചിലരാണ് ഇവരെ ചോദ്യംചെയ്തത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട രണ്ടുപേരെയും ലൗജിഹാദ് ആണെന്ന് പറഞ്ഞാണ് അക്രമികൾ വളഞ്ഞത്. തുടർന്ന് ഇവരെ പരസ്യമായി ചോദ്യംചെയ്യുകയായിരുന്നു. വിവരമറിഞ്ഞതോടെ പനമ്പൂർ പോലീസും സ്ഥലത്തെത്തി. തുടർന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെല്ലാം ഹിന്ദുത്വ സംഘടനയായ 'രാമസേന' യുടെ പ്രവർത്തകരാണെന്നാണ് ആരോപണം.

അതിനിടെ, ബീച്ചിലെത്തിയ പോലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നതും തങ്ങൾ സുഹൃത്തുക്കളാണെന്ന് യുവതി മറുപടി നൽകുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.