മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ശക്തം
May 28, 2025, 15:00 IST
മണിപ്പൂരിൽ മൂന്ന് മാസമായി തുടരുന്ന രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സർക്കാർ രൂപീകരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് 10 എംഎൽഎമാർ ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു. കുക്കി - മെയ്‌തെയ് സംഘർഷത്തെ തുടർന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതോടെയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
8 ബിജെപി എംഎൽഎമാർ ഒരു സ്വതന്ത്ര എംഎൽഎ ഒരു എൻപിപി എംഎൽഎ എന്നിവർ അടങ്ങുന്ന സംഘമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. 22 എംഎൽഎമാർ ഒപ്പുവെച്ച കത്ത് ഗവർണർക്ക് കൈമാറി. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എംഎൽഎ സപം നിഷികാന്ത് സിംഗ് വ്യക്തമാക്കി.