ഇഷ്ടിക വ്യാപാരിയുടെ കൊലപാതകം; ഭാര്യ അറസ്റ്റിൽ

 

സേലം ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരി വി. ഭൂപതിയുടെ മൃതദേഹം കാറിനകത്ത് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഭൂപതിയെ കൊലപ്പെടുത്തിയത് ഭാര്യ വെളഗൗണ്ടന്നൂർ സ്വദേശി സുജിതശ്രീയാണെന്ന് ഓമല്ലൂർ പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഓമല്ലൂർ-ശങ്കരി റോഡിലാണ് കാറിനകത്ത് ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്.

മൂന്നുപേർ ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നും 12 പവൻ സ്വർണം കവർന്നെന്നുമാണ് സുജിതശ്രീ ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും സംശയം ഉന്നയിക്കുകയായിരുന്നു. സുജിതശ്രീയും ഭർത്താവും ഇടയ്ക്കിടെ വഴക്കിടുന്നത് പതിവായിരുന്നെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

സുജിതശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇതിനെ ഭൂപതി ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തിൽ അയാളെ വീട്ടിനകത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ കിടത്തി കവർച്ചയ്ക്കിടെയുണ്ടായ കൊലപാതകമെന്ന് വരുത്തിത്തീർക്കുകയായിരുന്നു. കൊലപാതകത്തിന് സുജിതശ്രീയെ സഹായിച്ചവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.