കോയമ്പത്തൂരിലെ പത്തുവയസ്സുകാരിയുടെ കൊലപാതകം: ക്രൂരതകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്
പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ ജനരോഷം ശക്തമാകവെ, കർശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മുഖ്യമന്ത്രി വിജയ്. ഇത്തരം ക്രൂരതകൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ അക്രമം അതീവ ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നതാണ്. ഇത്തരം മനുഷ്യത്വരഹിതവും ദാക്ഷിണ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒട്ടും അനുവദിക്കാനാകില്ല"- മുഖ്യമന്ത്രി എക്സിൽ (X) കുറിച്ചു. സംഭവത്തെക്കുറിച്ച് അതിവേഗ അന്വേഷണം നടത്താനും, എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കാനും പോലീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് കുടുംബം നിലപാടെടുത്തതിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം വന്നത്. മാറ്റത്തിന് വേണ്ടിയാണ് തങ്ങൾ വോട്ട് ചെയ്തതെന്നും എന്നാൽ പുതിയ സർക്കാർ വന്നിട്ടും ക്രമസമാധാന നിലയിൽ മാറ്റമൊന്നുമില്ലെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോയമ്പത്തൂരിലെ സുലൂർ കണ്ണമ്പാളയം തടാകത്തിന് സമീപം പത്തുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വീടിനടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം നടത്തിയിരുന്നു. കുട്ടി തടാകക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം മാത്രമാണ് ലഭിച്ചതെന്നും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും ബന്ധുവായ സെന്തിൽ കുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് ഡി.ജി.പി സന്ദീപ് റായ് റാത്തോഡ് കോയമ്പത്തൂരിലെത്തി അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തി വരികയാണ്.