നരേന്ദ്ര ധബോൽക്കർ വധക്കേസ്; സച്ചിൻ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

 

പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാവിധി താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസുമാരായ സാരംഗ് കൊത്ത്വാൾ, രഞ്ജിത് സിൻഹ ഭോൺസ്ലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

50,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ശരദ് കലാസ്‌കറിന് 2026 ഏപ്രിലിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേ ആനുകൂല്യം പരിഗണിച്ചാണ് അന്ദൂരെയ്ക്കും ജാമ്യം നൽകിയത്.

കമ്മ്യൂണിസ്റ്റ് നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരെ വധക്കേസിലും പ്രതിയാണ് സച്ചിൻ അന്ദൂരെ. ഈ കേസിൽ നേരത്തെ തന്നെ അന്ദൂരെയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

2013 ഓഗസ്റ്റ് 20ന് പൂനെയിൽ പ്രഭാതസവാരിക്കിടെ വെടിയേറ്റാണ് നരേന്ദ്ര ധബോൽക്കർ കൊല്ലപ്പെട്ടത്. സി.ബി.ഐ അന്വേഷിച്ച കേസിൽ 2024 മേയ് 10ന് പൂനെയിലെ പ്രത്യേക കോടതി സച്ചിൻ അന്ദൂരെ, ശരദ് കലാസ്‌കർ എന്നിവർക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. കേസിലെ മറ്റ് മൂന്ന് പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.