ഷാങ്ഹായ് ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിക്കും; സ്ഥിരീകരണവുമായി പാകിസ്താൻ
അടുത്തവർഷം ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലേക്ക് (SCO) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ. സംഘടനയുടെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ക്ഷണം അയക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആതിഥേയ രാജ്യമെന്ന നിലയിൽ എല്ലാ അംഗങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിക്കാൻ തങ്ങൾക്ക് ഔദ്യോഗിക ബാധ്യതയുണ്ടെന്നും പാകിസ്താൻ അറിയിച്ചു.
അതേസമയം ഓഗസ്റ്റ് ആദ്യം മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ത്യ ഇതുവരെ അഭ്യർത്ഥിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. 2027-ൽ പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2015 ഡിസംബറിലായിരുന്നു പ്രധാനമന്ത്രി മോദി അവസാനമായി പാകിസ്താൻ സന്ദർശിച്ചത്.