സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയുമായി നസീറുദ്ദീൻ ഷാ; മുംബൈ സമരപ്പന്തലിലെത്തി അഭിജിത് ദീപ്കെയെ ആലിംഗനം ചെയ്തു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ. ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ സമരപ്പന്തലിലെത്തിയ അദ്ദേഹം സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയെ ആലിംഗനം ചെയ്തുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുൻപ് ഡൽഹിയിൽ നടന്ന 'ചലോ സൻസദ്' മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയെയും താരം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും നിലവിലെ വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആർ (SIR) നടപടികൾ ഉടൻ നിർത്തിവെക്കാൻ ആവശ്യപ്പെട്ടുമാണ് മുംബൈയിലെ ശിവാജി പാർക്കിലും ആസാദ് മൈതാനത്തും സി.ജെ.പി പ്രക്ഷോഭം നടത്തുന്നത്.
മുൻപത്തെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ സുതാര്യതയും സിവിൽ സൊസൈറ്റിയുടെ പങ്കാളിത്തവും ഉറപ്പാക്കുക എന്നിവയാണ് ഇവരുടെ മറ്റു പ്രധാന ആവശ്യങ്ങൾ. വരും ദിവസങ്ങളിൽ കൊൽക്കത്ത, ബെംഗളൂരു, ഗോവ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.