പെട്രോളിന് ഒറ്റയടിക്ക് 5 രൂപ കൂട്ടി നയാര എനർജി

 

 

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോളിന് ലീറ്ററിന് ഒറ്റയടിക്ക് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.89 രൂപയും ഡീസലിന് 105.50 രൂപയുമായി. സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപിയും പൊതുമേഖലാ എണ്ണക്കമ്പനികളും വില വർധിപ്പിച്ചിട്ടില്ല.

ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്നു മാർച്ചിൽ നയാര ഇന്ധനവില വർധിപ്പിച്ചെങ്കിലും പിന്നീടു ക്രൂഡ് വില താഴ്ന്നതോടെ വില കുറച്ചു. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് ഇപ്പോഴത്തെ വില വർധനയ്ക്കു കാരണം. മേയ് മാസത്തിൽ പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം പൊതുമേഖല എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു. കൊച്ചിയിൽ പെട്രോൾ വില 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ്.

ഇന്ത്യയിൽ 90% പെട്രോൾ പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയുടെ കീഴിലാണ്. ഇന്ത്യയിലാകെ 1.04 ലക്ഷം പെട്രോൾ പമ്പുകളുണ്ട്. പൊതുമേഖലാ കമ്പനികൾ പെട്രോൾ ലീറ്ററിന് 8 രൂപയും ഡീസൽ ലീറ്ററിന് 9 രൂപയും നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപനയിൽ പ്രതിദിനം 530 കോടി രൂപയാണ് കമ്പനികളുടെ നഷ്ടമെന്നും ഇക്ര ചൂണ്ടിക്കാട്ടിയിരുന്നു.