നീറ്റ് പരീക്ഷാ ക്രമക്കേട്; ചോദ്യപേപ്പറുകൾ ചോർന്നത് എൻടിഎയ്ക്ക് ഉള്ളിൽ നിന്നു തന്നെ
നീറ്റ് പരീക്ഷാ ക്രമക്കേടിൽ എൻടിഎയ്ക്ക് എതിരെ നിർണായക തെളിവുകളുമായി സിബിഐ. ചോദ്യ പേപ്പറുകൾ ചോർന്നത് എൻടിഎക്ക് ഉള്ളിൽ നിന്നു തന്നെയെന്ന് സിബിഐ കണ്ടെത്തി . ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സിബിഐ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷവും ചോദ്യപേപ്പർ ചോർന്നോ എന്നും സിബിഐ പരിശോധിക്കുന്നു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ഉള്ളിൽ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകൾ ചോർന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. ഒന്ന് കൈപ്പടയിലും മറ്റൊന്ന് ടൈപ്പ് ചെയ്ത രൂപത്തിലുമായിരുന്നു. കെമിസ്ട്രി വിഭാഗം പി.വി കുൽക്കർണിയും, ബയോളജി ഭാഗങ്ങൾ മനീഷ മന്ദാരെയുമാണ് ചോർത്തിയത്.
സംശയത്തിലുള്ളവരുടെ പട്ടിക ഇതിനോടകം എൻടിഎ സിബിഐക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. നിലവിൽ ഒൻപത് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്ത്.പിന്നാലെ നിലവിലുള്ള ചോദ്യപേപ്പർ നിർമ്മാണ സമിതിയെ പൂർണ്ണമായി ഒഴിക്കാനും എൻടിഎ തീരുമാനിച്ചു.
കഴിഞ്ഞ വർഷവും ചോദ്യപേപ്പർ ചോർന്നതായി സിബിഐ സംശയിക്കുന്നു. രാജസ്ഥാനിൽ അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാളിന്റെ കുടുംബത്തിലെ അഞ്ച് പേർക്ക് കഴിഞ്ഞ തവണ നീറ്റിൽ ഉയർന്ന മാർക്ക് ലഭിച്ചിരുന്നു. പ്ലസ് ടുവിൽ ശരാശരി മാർക്ക് നേടിയ ഇവർക്ക് നീറ്റിൽ ഉയർന്ന സ്‌കോർ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.