നീറ്റ് പരീക്ഷ റദ്ദാക്കണം; പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

 

നീറ്റ് പരീക്ഷ റദ്ദാക്കി പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ബിരുദ മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ആരോഗ്യമന്ത്രി കെ.ജി. അരുൺരാജാണ് പ്രമേയം അവതരിപ്പിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നീറ്റ് സാമൂഹികനീതിക്കും സമത്വത്തിനും എതിരാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സംസ്ഥാന സർക്കാർ തുടർച്ചയായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. തമിഴ് മാധ്യമത്തിൽ പഠിച്ച വിദ്യാർഥികളുടെയും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരുടെയും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെയും മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങളെ നീറ്റ് ഗുരുതരമായി ബാധിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിച്ചു.ദേശീയ തലത്തിലുണ്ടായ വിവിധ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിച്ചുവെന്നും പ്രമേയത്തിൽ ചൂണ്ടികാണിച്ചു.

ഡിഎംകെ, എഐഎഡിഎംകെ, പിഎംകെ, ഇടതുപക്ഷ പാർട്ടികൾ എന്നിവയിലെ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. തുടർന്ന് പ്രമേയം സഭ പാസാക്കി. അതേസമയം, പ്രമേയത്തെ എതിർത്ത ബിജെപി എംഎൽഎ ഭോജരാജൻ സഭയിൽനിന്ന് ഇറങ്ങിപ്പോയി.