നീറ്റ് ചോർച്ചക്കേസ്: സഞ്ജീവ് മുഖിയയ്ക്ക് സിബിഐയുടെ ആശ്വാസം; പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് കണ്ടെത്തൽ

 

2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചാ കേസിൽ പ്രധാന സൂത്രധാരനെന്ന് സംശയിച്ചിരുന്ന സഞ്ജീവ് മുഖിയയ്ക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകി. ചോദ്യപേപ്പർ മോഷണത്തിലോ വിതരണത്തിലോ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവുകളും അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പട്‌ന കോടതിയിൽ 45 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

മറ്റ് ചില ചോർച്ച കേസുകളിൽ പ്രതിയായതിനാലാണ് ബിഹാർ പോലീസ് സഞ്ജീവ് മുഖിയയെ ആദ്യം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ നീറ്റ്-യുജി കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കിയപ്പോൾ ഇയാൾക്കെതിരെ വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചില്ല. ഇതിനെത്തുടർന്ന് കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും, മറ്റ് കേസുകളിൽ പ്രതിയായതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട യഥാർത്ഥ വ്യക്തികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും നിയമത്തിൽ നിന്ന് രക്ഷപ്പെടില്ലെന്നും സിബിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. 2024-ൽ ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.