നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്‌കോർ കാർഡ് ഒക്ടോബർ ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം

 

2026-ലെ നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) വ്യാഴാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം.

ഈ വർഷത്തെ കട്ട് ഓഫ് മാർക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ സ്‌കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചികയും ഒക്ടോബർ ഒന്നിനോ അതിനുശേഷമോ പ്രസിദ്ധീകരിക്കും.

2026-27 അധ്യയന വർഷത്തെ എംഡി, എംഎസ്, ഡിഎൻബി ഉൾപ്പെടെയുള്ള ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓഗസ്റ്റ് 30-നാണ് പരീക്ഷ നടത്തിയത്. 2,63,544 പേർ പരീക്ഷയെഴുതി. വൈദ്യുതിതടസ്സത്തെത്തുടർന്ന് ജയ്പുരിലെ രണ്ട് കേന്ദ്രങ്ങളിൽ പരീക്ഷ പൂർത്തിയാക്കാനാകാത്തതിനാൽ സെപ്റ്റംബർ അഞ്ചിന് വീണ്ടും പരീക്ഷ നടത്തി. 2,416 പേരാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്.