നീറ്റ് പ്രക്ഷോഭം: വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ തീരുമാനം

 

നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപിച്ചുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള നിയമനടപടികൾ പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം. കേസിൽ ഡൽഹി പോലീസ് 13 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

സുപ്രീം കോടതി ഉത്തരവുകളും നിലവിലുള്ള എഫ്.ഐ.ആറുകളും വിശദമായി വിലയിരുത്തിയ ശേഷമാണ് തുടർനടപടികൾ വേണ്ടെന്ന നിഗമനത്തിൽ സർക്കാരെത്തിയത്. മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് ഇവർക്കെതിരായ നിയമനടപടികൾ ഒഴിവാക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശത്തെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് പല സംസ്ഥാനങ്ങളും നേരത്തെ സമാന തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡൽഹി സർക്കാറും കേസ് നടപടികളിൽ നിന്ന് പിന്മാറുന്നത്.