നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ

 

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ എക്സിലൂടെയായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സമരം ചെയ്യുന്ന വിദ്യാർഥികളുടെ യഥാർഥ ആവശ്യം പരിഹരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ ആവശ്യപ്പെട്ടത് ഇതല്ലെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയുടെ കാര്യത്തിൽ എന്ത് തീരുമാനമായെന്നും കെജ്‌രിവാൾ ചോദിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇതിനോടകം തന്നെ രാജ്യത്ത് വിവിധ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമരത്തിനിടെ വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചില്ലെന്നും കെജ്‌രിവാൾ വിമർശിച്ചു.അതേസമയം, രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.