നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസ്: 14 പ്രതികൾക്കെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കേസിൽ 14 പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. നവംബർ 21ന് പ്രതികളെ കോടതിയിൽ ഹാജരാക്കി ഔദ്യോഗികമായി കുറ്റം ചുമത്തൽ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക അതിവേഗ കോടതി ജഡ്ജി അജയ് ഗുപ്ത നിർദേശിച്ചു.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കൊപ്പം അഴിമതി നിരോധന നിയമത്തിലെയും പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയൽ നിയമത്തിലെയും വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്താനാണ് കോടതി ഉത്തരവിട്ടത്. പകർപ്പവകാശ നിയമത്തിലെ 63-ാം വകുപ്പ് പ്രകാരമുള്ള പകർപ്പവകാശ ലംഘനക്കുറ്റവും എല്ലാ പ്രതികൾക്കുമെതിരേ ചുമത്താൻ കോടതി നിർദേശിച്ചു. നവംബർ 25 മുതൽ ദിവസേന വിചാരണ നടത്തുമെന്നും ജഡ്ജി അറിയിച്ചു.
പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിയിൽ 13 പ്രതികൾക്കെതിരേ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 14-ാം പ്രതിയായ മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിയായ ശേഷ്രാവ് ബജ്റംഗ് സൂര്യവംശി എന്ന രാജ് സൂര്യവംശിക്കെതിരെയും അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. സെപ്റ്റംബർ രണ്ടിനാണ് ഇയാൾ അറസ്റ്റിലായത്.