നീറ്റ് ചോദ്യപേപ്പർ ചോർച്ച:കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകി
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാത്തൂരിലെ കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 കെമിസ്ട്രി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചോർത്തി നൽകിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ദേശീയ പരീക്ഷാ ഏജൻസിയുടെ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതെന്നാണ് കണ്ടെത്തൽ.
ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ ഡീലക്‌സ് മുറിയിൽ വെച്ചാണ് വിദ്യാർഥിക്ക് രഹസ്യ ക്ലാസുകൾ നൽകിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്ലാസുകൾക്കിടെ 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർത്ഥിക്ക് എഴുതി നൽകി. കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിംഗ് സെന്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങൾ ലഭിച്ചത്. കേസിൽ എൻ.ടി.എ വിദഗ്ദ്ധനായ കുൽക്കർണിയെയും ആശുപത്രി ഉടമ ഡോ. മനോജ് ഷിരൂരെയെയും സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റെന്ന് വിദ്യാർത്ഥിയുടെ മൊഴി.
ജൂലൈ 28ന് ഡൽഹി കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഒന്നര മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.