നീറ്റ് പുനഃപരീക്ഷ സുഗമമായി നടത്തണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
രാജ്യത്തുടനീളം ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യു.ജി (NEET UG) പുനഃപരീക്ഷ സുഗമമായും സുതാര്യമായും നടത്തുന്നതിന് എല്ലാ മുഖ്യമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും സഹകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കത്തയച്ചു. പരീക്ഷാ നടത്തിപ്പിൽ വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തിലൂടെ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
എൻ.ടി.എയ്‌ക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ഹർജിയിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് (NTA) എതിരെ സുപ്രീംകോടതി ഇന്ന് കടുത്ത ഭാഷയിൽ രംഗത്തെത്തി. മുൻപുണ്ടായ വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാൻ എൻ.ടി.എ തയ്യാറായില്ലെന്ന് സുപ്രീംകോടതി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയുണ്ടായ സംഭവം ഏറെ ദുഃഖകരമാണെന്ന് ജസ്റ്റിസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കേസിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. എൻ.ടി.എയോടും പരീക്ഷാ പരിഷ്കരണങ്ങൾക്കായി നിയോഗിച്ച ഉന്നതാധികാര സമിതി ചെയർമാൻ കെ. രാധാകൃഷ്ണനോടും വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. കേസ് അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. നിലവിലെ എൻ.ടി.എ ഭരണസമിതിയെ പിരിച്ചുവിടണമെന്നും പരീക്ഷാ നടത്തിപ്പിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.