പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരും: നേഹ ബോറ
പൊലീസിന്റെ പീസ് ബോണ്ടിനെ ചോദ്യം ചെയ്യുന്നത് തുടരുമെന്ന് ഐസ അഖിലേന്ത്യ അധ്യക്ഷ നേഹ ബോറ. പ്രതിഷേധിക്കാനുള്ള അവകാശം കവരുന്നതാണ് പീസ് ബോണ്ടെന്നും ഇത് അംഗീക്കരിക്കാനാകില്ലെന്നും നേഹ വ്യക്തമാക്കി. വോട്ടവകാശം തട്ടിയെടുത്തപ്പോഴാണ് തെരുവിലിറങ്ങിയതെന്നും പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും നേഹ പറഞ്ഞു. പൊലീസ് വലിയ അതിക്രമങ്ങൾ നടത്തിയെന്നും ആരോപിച്ചു.
എന്തിനാണ് ബോണ്ട് വേണ്ടതെന്നും സമാധാനം തങ്ങൾ തകർത്തു എന്നാണോ പറയുന്നതെന്നും നേഹ ബോറ ചോദിച്ചു. സമാധാനം തകർത്തുവെന്ന ആരോപണങ്ങളിൽ യാതൊരുവിധ തെളിവുകളും നൽകിയില്ല.ബോണ്ടിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന് നേഹ ബോറ പറഞ്ഞു.സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെ സമാധാന ലംഘനമാകും. വിയോജിക്കുക എന്നത് ജനാധിപത്യ അവകാശമാണെന്നും നേഹ കൂട്ടിച്ചേർത്തു.
പീസ് ബോണ്ട് ഒപ്പിട്ട അഭിജിത് ദീപ്കെയെ വീടിന് പുറത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തെന്നും നേഹ ആരോപിച്ചു. ദേശീയ പതാകയുമായി പുറത്തിറങ്ങുന്നത് എങ്ങനെയാണ് സമാധാനലംഘനമാകുന്നതെന്നും അവർ ചോദിച്ചു.