നേപ്പാൾ മിന്നൽ പ്രളയം: കാണാതായ മലയാളികളെക്കുറിച്ച് വിവരം ലഭിച്ചു; 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 32-ഓളം മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാരിന് ലഭിച്ചു. പ്രളയബാധിത മേഖലയിൽ ആകെ 48-ഓളം മലയാളികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 18 പേരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചപ്പോൾ 14 പേരുമായി നിലവിൽ ആശയവിനിമയം സാധ്യമായിട്ടില്ല. നോർക്ക വഴി 20-ഓളം പേരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ദുരന്തമേഖലയിലുള്ളവരുടെ വിശദാംശങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി.
സംസ്ഥാന സർക്കാർ ആരംഭിച്ച ഹെൽപ്പ്‌ലൈൻ നമ്പറുകൾ വഴിയാണ് കാണാതായവരുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം തേടിയത്. അടിയന്തര സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 18004253939 എന്ന നമ്പറിലോ, വിദേശത്തുനിന്നുള്ളവർക്ക് +91-8802012345 എന്ന മിസ്ഡ് കോൾ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.