നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും
ബിഹാറില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാറിന് രാജ്യസഭ അംഗത്വം നല്‍കി കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായക പദവി നല്‍കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായി നിതീഷ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും മാര്‍ച്ച് അഞ്ചിന് രാജ്യസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നുമാണു വിവരം. പത്രിക സമര്‍പ്പണത്തിനുള്ള നടപടിക്രമങ്ങള്‍ പാര്‍ട്ടി പൂര്‍ത്തിയാക്കി.നിതീഷ് സ്ഥാനമൊഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും. പകരം നിതീഷിന്റെ മകന്‍ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് വിവരം. രാജ്യസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ, നിതീഷ് കുമാറുമായി ജെഡിയു എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് മൂന്നുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.