ഓണ്‍ലൈനായാണോ ഭക്ഷണം വാങ്ങുന്നത്?; ഈ ചാര്‍ജുകളും നിങ്ങളുടെ പോക്കറ്റില്‍ നിന്നും പോകുന്നുണ്ട്: അറിയാം

 

രാജ്യത്ത് ഭക്ഷണ വിതരണം നടത്തുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരില്‍ നിന്നും മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഈടാക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 10 ഉപയോക്താക്കളില്‍ 7 പേരില്‍ നിന്നെങ്കിലും നികുതി ചാര്‍ജിനു പുറമേ ആപ്പുകള്‍ ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജ് ഈടാക്കുന്നുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ട്.

മുന്‍കൂട്ടി വെളിപ്പെടുത്താത്തതും ഇടപാട് അവസാനിക്കുമ്പോള്‍ ഈടാക്കുന്നതുമായ ചാര്‍ജുകളാണ് ഇത്തരത്തിലുള്ള മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍. രാജ്യത്തെ 249-ല്‍ അധികം ജില്ലകളില്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്ന 32,000 പേരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേയില്‍ 68% ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ഇടയ്ക്കിടെ ഇത്തരം മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ അടയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി.

ഭക്ഷണ വിതരണത്തില്‍ കാലതാമസം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 21% പേരും അടിക്കടി വ്യക്തമാക്കി. 48% ഉപഭോക്താക്കള്‍ ‘ചിലപ്പോള്‍’ എന്നും 21% ‘അപൂര്‍വ്വമായി’ എന്നും പ്രതികരിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സബ്സ്‌ക്രിപ്ഷന്‍ അല്ലെങ്കില്‍ ഉല്‍പ്പന്നം ആപ്പിലെ കാര്‍ട്ടിലേക്ക് ചേര്‍ക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് 29% പേര്‍ ‘ചിലപ്പോള്‍’ എന്നും 25% പേര്‍ ‘അപൂര്‍വ്വമായി’ എന്നും മറുപടി നല്‍കി.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ഇത്തരം പ്രവണതകള്‍ ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയെ ഇത് ദോഷകരമായി ബാധിക്കുമെന്നും സര്‍വേ വ്യക്തമാക്കി.