എയിംസുമില്ല, അതിവേഗ റെയിലുമില്ല; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ
കേന്ദ്രബജറ്റിൽ കേരളത്തിന് കടുത്ത നിരാശ. കർണാടകയിലും തമിഴ്‌നാട്ടിലുമടക്കം ഏഴ് അതിവേഗ റെയിലുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ ഉൾപ്പെടുത്തിയില്ല. എയിംസും പ്രഖ്യാപിച്ചില്ല. വിഴിഞ്ഞം പദ്ധതിയെയും തീർത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജും അനുവദിച്ചില്ല. ധാതു ഇടനാഴിയും കടലാമ നിരീക്ഷണ പദ്ധതിയും മാത്രമാണ് കേരളത്തിന് ലഭിച്ചത്. സംസ്ഥാനങ്ങൾക്ക് 50 ശതമാനം ഗ്രാന്റ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളി. 41 ശതമാനം ഗ്രാന്റാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇ.ശ്രീധരന്റെ അതിവേഗ റെയിലോ സംസ്ഥാന സർക്കാരിന്റെ ആർആർടിഎസോ കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചില്ല. മുംബൈ-പൂണെ, പൂണെ-ഹൈദരാബാദ്, ഹൈദാരബാദ്-ബെംഗളൂരു, ഹൈദാരബാദ്-ചെന്നൈ, ചെന്നൈ-ബെംഗളുരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതികൾ.
മൂന്ന് ആയുർവേദ എയിംസുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലുണ്ടോ എന്ന് വ്യക്തമല്ല. കേരളം, തമിഴ്നാട്, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴിയാണ് കേരളത്തിന് പ്രതീക്ഷ നൽകുന്ന പ്രധാന പദ്ധതി. വിനോദസഞ്ചാരമേഖലയുടെ ഭാഗമായി കടലാമ പരിചരണ കേന്ദ്രവും കേരളത്തിന് കിട്ടും. അഞ്ച് വർഷത്തിനുള്ളിൽ 20 ദേശീയ ജലപാതകൾ തുറക്കും. നാളികേരം, കശുവണ്ടി, കൊക്കോ എന്നിവയ്ക്കായുള്ള പദ്ധതികളും സംസ്ഥാനത്തിന് ഗുണകരമാകും. ഗ്രാമീണ വനിതാസംരഭകർക്ക് ഷീ മാർട്ടും എല്ലാ ജില്ലകളിലും പെൺകുട്ടികളുടെ ഹോസ്റ്റലും പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി ഗ്രാന്റിനത്തിൽ ലഭിക്കും.