സിജെപിയുടെ ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് അനുമതിയില്ല; ഡൽഹിയിൽ കനത്ത സുരക്ഷ

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി നാളെ നടത്താനിരുന്ന ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിന് പത്ത് ദിവസം മുൻപ് അനുമതി തേടണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

പ്രതിഷേധം തടയുന്നതിനായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള പ്രധാന പാതകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ ഇന്നും നാളെയും അടച്ചിടുമെന്നാണ് റിപ്പോർട്ട്. പ്രവർത്തകരുടെ വരവ് തടയാൻ ചില ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാനും തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

കേവലം ഒരു ദിവസത്തെ ധർണയിൽ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും തുടർച്ചയായ സമരത്തിന് തയ്യാറായി എത്തണമെന്നുമാണ് സിജെപിയുടെ ആഹ്വാനം. എസ്എഫ്‌ഐ, ഐസ, എഐഎസ്എഫ്, ആം ആദ്മി പാർട്ടി തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ജന്തർ മന്തർ 2.0 സമരം ഡൽഹിയിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.