പുതിയ നികുതി ഭേദഗതി കോർപ്പറേറ്റുകൾക്ക് മാത്രം: വ്യക്തത വരുത്തി ഒമാൻ

 

ആദായനികുതി നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികൾ വ്യക്തിഗത ആദായനികുതിയെ ബാധിക്കില്ലെന്നും അവ കോർപ്പറേറ്റ് ആദായനികുതിക്ക് മാത്രമാണ് ബാധകമെന്നും ഒമാൻ ടാക്‌സ് അതോറിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അതോറിറ്റി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

സർക്കാർ സ്ഥാപനങ്ങളും മറ്റ് പൊതുനിയമ സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന ഔദ്യോഗിക തീരുമാനങ്ങൾ പാലിക്കുമ്പോൾ സ്ഥാപനങ്ങൾ, സംരംഭങ്ങൾ, ഒമാനി കമ്പനികൾ, സ്ഥിര ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉണ്ടാകുന്ന അധിക ചെലവുകളുടെ നികുതി ഇളവുകളും പരിഗണനകളുമാണ് ഈ ഭേദഗതികൾ വഴി ക്രമീകരിക്കുന്നത്.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്ന നികുതിദായകർക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാകാതിരിക്കാനും, ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനും, നികുതി സംവിധാനത്തിലെ നീതി ഉറപ്പാക്കാനുമാണ് ഈ ഭേദഗതികൾ ലക്ഷ്യമിടുന്നതെന്നും ഒമാൻ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.