സ്വന്തം വകുപ്പിൽ നിന്ന് സബ്‌സിഡിയായി ഒരു കോടി; കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരിക്ക് എതിരെ ആരോപണം
കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം വകുപ്പിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഒരു കോടിയോളം രൂപ സബ്സിഡി കൈപ്പറ്റിയതായി ആരോപണം . ഭഗീരഥ് ചൗധരി വൈസ് പ്രസിഡന്റായിരിക്കുന്ന 'നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്' (എൻഎച്ചബി) നൽകുന്ന സബ്‌സിഡി, അദ്ദേഹം സ്വന്തം കൃഷിഭൂമിയിലെ പച്ചക്കറികൃഷിക്കായി കൈപ്പറ്റിയെന്ന് റിപ്പോർട്ട്
രാജസ്ഥാനിലെ ദീദ്വാന-കുച്ചമാന്‍ ജില്ലയിലെ പീഹ് ഗ്രാമത്തിലുള്ള ഫാമില്‍ വെള്ളരി കൃഷി ചെയ്യുന്നതിനായി നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡില്‍ നിന്ന് മന്ത്രി ഭഗീരത് ചൗധരി 99.6 ലക്ഷം രൂപ സബ്‌സിഡി കൈപ്പറ്റിയതാണ് വിവാദമായത്.
16,592 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് വലിയ പോളിഹൗസുകള്‍ നിര്‍മ്മിച്ചാണ് വെള്ളരി കൃഷി ചെയ്യുന്നത്. മൊത്തം 1.99 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി മന്ത്രി എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് 1.49 കോടി രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പയിലേക്കാണ് സബ്‌സിഡി തുക അനുവദിച്ചത്.
വാണിജ്യ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ 2014-15 കാലയളവില്‍ ആരംഭിച്ച ‘മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍’ എന്ന പദ്ധതിയില്‍ നിന്നാണ് സബ്‌സിഡി കൈപ്പറ്റിയത്. 2025 ഏപ്രില്‍ 15-ന് സമര്‍പ്പിച്ച അപേക്ഷയ്ക്ക് വെറും 14 ദിവസത്തിനുള്ളില്‍ ബോര്‍ഡ് പ്രാഥമിക അനുമതി നല്‍കി.കൃഷി സഹമന്ത്രി എന്ന നിലയില്‍ ഭഗീരഥ് ചൗധരി എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡണ്ട് ആയ ബോര്‍ഡ് ആണ്സബ്‌സിഡിക്ക് അനുമതി നല്‍കിയത്.