ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: 2029ൽ നടപ്പിലാക്കാൻ ബിജെപി

 

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയിൽ നീക്കങ്ങൾ സജീവമാക്കി ബിജെപി. 2029ൽ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.ഇതിൻ്റെ ഭാഗമായി തങ്ങൾക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപേ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം പൊതുവോട്ടെടുപ്പ് നടത്താനാണ് ആലോചന നടക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കിലും ബദല്‍ മാര്‍ഗ്ഗങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

അടുത്ത രണ്ട് വർഷങ്ങളിൽ എൻ.ഡി.എ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയാണെങ്കിൽ, ഭരണഘടനയ ആർട്ടിക്കിൾ 174(2)(b) പ്രകാരം മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർമാർക്ക് 2029 ജനുവരിയോടെ നിയമസഭകൾ പിരിച്ചുവിടാൻ സാധിക്കും.ഇത്തരത്തിൽ സഭ പിരിച്ചുവിട്ടാൽ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. നിലവിൽ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ വോട്ടെടുപ്പും നടക്കുന്നത്. എന്നാൽ പുതിയ നീക്കം നടപ്പിലായാൽ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെ വെട്ടിച്ചുരുക്കേണ്ടി വരും

ഇതോടെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ അജണ്ട ദേശീയതലത്തിൽ വീണ്ടും ചർച്ചയാകുകയാണ്. അതേസമയം, പുതിയ നീക്കങ്ങളെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് നിലപാട്.