ഡൽഹിയിൽ 'ഓപ്പറേഷൻ ആഘാത്'; 24 മണിക്കൂറിനിടെ 660 പേർ അറസ്റ്റിൽ

 

പുതുവത്സരാഘോഷങ്ങൾക്കു മുന്നോടിയായി കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഡൽഹി പൊലീസ് നടത്തിയ 'ഓപ്പറേഷൻ ആഘാത്' ദൗത്യത്തിൽ 24 മണിക്കൂറിനിടെ 660 പേർ അറസ്റ്റിലായി. അനധികൃത മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ, കള്ളപ്പണം എന്നിവ വൻതോതിൽ പിടിച്ചെടുത്തു. ആഘോഷവേളകളിൽ നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കർശന നടപടി.

തെക്കൻ ഡൽഹി, തെക്കുകിഴക്കൻ ഡൽഹി എന്നിവിടങ്ങളിലെ പൊലീസ് സേന സംയുക്തമായാണ് പരിശോധന നടത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 2,800-ഓളം പേരെ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റിലായവരിൽ 504 പേർ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉള്ളവരും 116 പേർ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടവരുമാണെന്ന് ഡൽഹി പൊലീസ് ജോയിന്റ് കമ്മിഷണർ എസ്.കെ. ജെയിൻ അറിയിച്ചു.

പരിശോധനയിൽ 116 നാടൻ പിസ്റ്റളുകൾ, 20 ലൈവ് കാട്രിഡ്ജുകൾ, 27 കത്തികൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ 12,258 ക്വാർട്ടർ അനധികൃത മദ്യം, 5 കിലോ കഞ്ചാവ്, 2.30 ലക്ഷം രൂപ, 310 മൊബൈൽ ഫോണുകൾ, 231 ഇരുചക്ര വാഹനങ്ങൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.