പ്രണയബന്ധത്തിന് എതിർപ്പ്; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
പ്രണയബന്ധത്തെ എതിർത്തതിന്റെ പേരിൽ മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു കെ.ആർ പുരത്തിന് സമീപം സിഗേഹള്ളിയിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സോമസുന്ദരം, മുത്തുലക്ഷ്മി, സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. സോമസുന്ദരം-മുത്തുലക്ഷ്മി ദമ്പതിമാരുടെ മകളായ ശ്വേതയും കാമുകൻ കെന്നത്തും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്.
വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനുള്ള ഇരുവരുടെയും തീരുമാനത്തെ ശ്വേതയുടെ മാതാപിതാക്കൾ ശക്തമായി എതിർത്തതാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കാമുകനൊപ്പം വീട്ടിലെത്തിയ ശ്വേത, മൂവരെയും കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അപ്പാർട്ട്‌മെന്റിൽ നിന്ന് ബഹളം കേട്ടെത്തിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി കെ.ആർ പുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ ആന്ധ്രാപ്രദേശിലേക്കോ തമിഴ്‌നാട്ടിലേക്കോ കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തികളിൽ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.