പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു; സംഭവം പാക് അധീന കശ്മീരിൽ; യാത്രക്കാർ മുഴുവൻ കൊല്ലപ്പെട്ടു
പാക് അധീന കശ്മീരിലെ (PoK) മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്നുവീണ് വൻ അപകടം. ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി പാക് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താൻ ആർമി ഏവിയേഷൻ്റെ റഷ്യൻ നിർമ്മിത എംഐ-17 (Mi-17) ഹെലികോപ്റ്ററാണ് തകർന്നുവീണത്.
വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്ററിന് തീപിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് നിലംപതിക്കുകയുമായിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കിയെങ്കിലും, ആകെ എത്രപേരാണ് ഉണ്ടായിരുന്നതെന്ന ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, അപകടസമയത്ത് ഹെലികോപ്റ്ററിൽ 21 സൈനികർ ഉണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ അടിയന്തര ലാൻഡിങ്ങിന് (Emergency Landing) ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മുസാഫറാബാദിൽ നിലവിൽ തുടരുന്ന ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് സൈനിക ഹെലികോപ്റ്റർ എത്തിയതെന്നാണ് സൂചന. അപകടത്തെ തുടർന്ന് സൈന്യത്തിൻ്റെയും പ്രാദേശിക അധികൃതരുടെയും നേതൃത്വത്തിൽ സംഭവസ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയ കൃത്യമായ കാരണം കണ്ടെത്താനായി പാക് സൈന്യം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
റഷ്യൻ നിർമ്മിത മീഡിയം ലിഫ്റ്റ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ട എംഐ-17. മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്റ് വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്റർ, ലോകമെമ്പാടുമുള്ള സൈന്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന എംഐ-8-ന്റെ (Mi-8) പരിഷ്കരിച്ച അത്യാധുനിക പതിപ്പാണ്. ഒരേസമയം 30 സൈനികരെ വരെ വഹിക്കാനും 4000 കിലോയോളം ഭാരമുള്ള കാർഗോ ചുമക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ.