അഫ്ഗാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ; 130-ലധികം താലിബാൻ സൈനികരെ വധിച്ചെന്ന് അവകാശവാദം
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 130-ലധികം താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി പാക് പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിലെ താലിബാൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് സൈന്യത്തിന്റെ നീക്കം.
പാകിസ്ഥാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതായി അഫ്ഗാൻ സേനയും അറിയിച്ചു. അതിർത്തിയിലെ 19 പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരാണെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ ആക്രമണം കടുപ്പിച്ചത്. ക്ഷമ നശിച്ചെന്നും ഇനി വിട്ടുവീഴ്ചയില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാൻ നടത്തിയത് ജനവാസ മേഖലകളിലെ ആക്രമണമാണെന്നും കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. മദ്രസകൾക്ക് നേരെയും ബോംബാക്രമണം ഉണ്ടായതായി അഫ്ഗാൻ ആരോപിച്ചു. ഫെബ്രുവരി 22-ന് തുടങ്ങിയ സംഘർഷം ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പൂർണ്ണതോതിലുള്ള യുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ അതിർത്തിയിൽ അതീവ ജാഗ്രത തുടരുകയാണ്.