സിഎപിഎഫ്, പ്രതിരോധ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പാക് ചാരനുഴഞ്ഞുകയറ്റം
സിഎപിഎഫ്, പ്രതിരോധ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പാകിസ്താൻ ചാരപ്രവർത്തകർ നുഴഞ്ഞുകയറിയതായി കണ്ടെത്തി. 14ഓളം സ്വകാര്യ ഗ്രൂപ്പുകളിലാണ് പാക് ചാരപ്രവർത്തനം അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. വിവരങ്ങൾ ചോർന്നതിനു പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു.
സജീവമല്ലാത്ത അംഗങ്ങളെ എത്രയും വേഗം ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് നുഴഞ്ഞുകയറ്റമെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. ഗ്രൂപ്പുകളിൽ നിശബ്ദമായി നിരീക്ഷണം നടത്തി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
തന്ത്രപ്രധാന സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് ചാരപ്രവർത്തകർ ലക്ഷ്യമിട്ടത്. ഇന്ത്യൻ ഉദ്യോഗസ്ഥരായി നടിച്ചും പാക് ഏജന്റുമാർ നുഴഞ്ഞുകയറിയതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാട്സ്ആപ്പ് വെബിന്റെ ഉപയോഗത്തിലും കഴിഞ്ഞ ദിവസം മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കാണാതായി. കള്ളക്കടത്ത് സംഘത്തെ പിന്തുടർന്ന ആന്ധ്രാ സ്വദേശിയായ കെ. വേണുവിനെയാണ് അസമിലെ കാച്ചാർ ജില്ലയിൽ ഇന്നലെ കാണാതായത്. ബറാക് നദിയിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തിരച്ചിലിൽ സൂചനകളൊന്നും ലഭിക്കാത്തതോടെ ബംഗ്ലാദേശി കടത്തുസംഘം തട്ടിക്കൊണ്ടുപോയതാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കതിഗോഡ് അതിർത്തി പ്രദേശത്ത് വെച്ചാണ് ജവാൻ കള്ളക്കടത്ത് സംഘത്തെ പിന്തുടർന്നത്. ബിഎസ്എഫ്, പൊലീസ്, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ജവാനെ കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് സേനയുമായും ആശയവിനിമയം നടത്തുന്നുണ്ട്.