പാരിസ് പാരാലിംപിക്സ്; മെഡൽ കൊയ്ത്തിൽ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ, 20 മെഡലുകളുമായി മുന്നേറ്റം തുടരുന്നു

 

പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്തിൽ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ജാവലിൻ ത്രോയിൽ അജീത്ത് സിംഗ് വെള്ളിയും സുന്ദർ സിംഗിന് വെങ്കലവും നേടിയപ്പോള്‍ ഹൈ ജംപിൽ ഇന്ത്യയുടെ ശരത് കുമാർ വെളളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി.

വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജിയും ഇന്നലെ വെങ്കല മെഡൽ കരസ്ഥമാക്കി. 55.82 സെക്കൻഡിലാണ് ദീപ്തി 400 മീറ്റർ ഫിനിഷ് ചെയ്തത്. യുക്രെയ്ൻ, തുർക്കി താരങ്ങൾക്കാണ് ഈ ഇനത്തില്‍ സ്വർണവും വെള്ളിയും. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളിൽ മെഡൽ മത്സരങ്ങളുണ്ട്. ആറാം ദിനം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകള്‍ നേടിയ ഇന്ത്യ പാരീസില്‍ മൂന്ന് സ്വർണമുൾപ്പടെ 20 മെഡലുമായി മെഡൽ പട്ടികയിൽ 17ാം സ്ഥാനത്തേക്ക് ഉയ‌ർന്നു.