കത്തുന്ന മണിപ്പൂരിന് പരിഹാരം വേണം, കൂടുതൽ പ്രാധാന്യം നൽകണം;  മോദി സർക്കാരിനോട് ആർ എസ് എസ് മേധാവി

 

നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സർക്കാരിന് മുന്നിൽ നിർദ്ദേശം മുന്നോട്ടുവച്ച് ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ നടന്ന ആർ.എസ്.എസ് സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. കത്തുന്ന മണിപ്പൂരിന് പരിഹാരം വേണമെന്നാണ് മോഹൻ ഭാഗവത് നിർദ്ദേശിച്ചിരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും ഈ വിഷയത്തിന് കൂടുതൽ പ്രധാന്യം നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.

പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്‌കാരം അവിടെ അവസാനിപ്പിച്ചതുപോലം തോന്നിയിരുന്നു. എന്നാൽ സംസ്ഥാനം പെട്ടെന്ന് ആക്രമണച്ചിന് സാക്ഷിയായി. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആർ.എസ്.എസ് മേധാവി ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരസ്പരം ആക്രമിക്കുന്നത്, സാങ്കേതിക വിദ്യയുടെ ദുരുപയോഗം, തെറ്റായ വിവരങ്ങളുടെ പ്രചാരണം എന്നിവയെ അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് അനാവശ്യമായി ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമർശിച്ചു.