ലഖ്നൗവിലെ തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 

ഉത്തർപ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിൽ ഉണ്ടായ വൻതീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.സംഭവത്തിൽ 14 പേർ മരിച്ചതായാണ് റിപ്പോർട്ട്.

കോച്ചിങ് സെന്ററിനൊപ്പം ഗെയിമിംഗ് കേന്ദ്രവും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ് സെന്റർ നിന്ന് രക്ഷപ്പെടാൻ ചില വിദ്യാർഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതായും വിവരങ്ങൾ പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.തീ അതിവേഗത്തിൽ പടർന്നുപിടിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ സാധിച്ചില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ അഗ്‌നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരും സ്ഥലത്തെത്തി നടപടികൾ ഏകോപിപ്പിക്കുന്നു. സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.