പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ; കനത്ത സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ രണ്ട് വർഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമിൽ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂർ നേരം മോദി മണിപ്പൂരിൽ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.
ചുരാചന്ദ്പുരിൽ 7300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് മോദി തറക്കല്ലിടും. മെയ്തി-കുക്കി മേഖലകൾക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും. തുടർന്ന് മോദി രണ്ടരയോടെ ഇംഫാലിൽ എത്തും. അവിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. മണിപ്പൂർ കലാപത്തിന്റെ ഇരകളെയും മോദി കാണും. അതിനിടെ, ചുരാചന്ദ്പുരിൽ സംഘർഷമുണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം നശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് വഴുതിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തുടർന്ന് അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളും മോദി സന്ദർശിക്കും. സെപ്റ്റംബർ 13-ന് ഗുവഹാത്തിയിൽ നടക്കുന്ന ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മവാർഷികാഘോഷങ്ങളിൽ മോദി പങ്കെടുക്കും. പിറ്റേദിവസം അസമിൽ 18,530 കോടിയുടെ വിവിധ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. സെപ്റ്റംബർ 15-ന് പ്രധാനമന്ത്രി പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ ഒൻപതരയ്ക്ക് കാൽക്കത്തയിൽ വെച്ച് നടക്കുന്ന 16-ാമത് സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കും. തുടർന്ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2:45-ന് പൂർണിയ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൂടാതെ, പൂർണിയയിൽ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രഖ്യാപിക്കും. അവിടെ നടക്കുന്ന പൊതുപരിപാടിയിലും മോദി സംസാരിക്കും.