കേന്ദ്ര ബജറ്റിന് മുന്നോടിയായി സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി; സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തും

 

വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ചൊവ്വാഴ്ച ഡൽഹിയിലാണ് യോഗം നടക്കുക.സാമ്പത്തിക വിദഗ്ധർക്ക് പുറമെ വിവിധ സെക്ടറുകളിൽ നിന്നുള്ള വിദഗ്ധരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഗുണകരമാകുന്ന നിർദേശങ്ങൾ തേടാൻ ലക്ഷ്യമിട്ടാണ് യോഗം എന്നാണ് വിവരം.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ആഗോള തലത്തിൽ പല പ്രതിസന്ധികളും നിലനിൽക്കെ, ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കയറ്റുമതി കൂട്ടുക, വിദേശ നിക്ഷേപം ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. സാമ്പത്തിക വിദഗ്ധർക്ക് പുറമെ, നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി, നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യം തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും