മേധാ പട്കര്‍ക്കൊപ്പം രാഹുല്‍: പരിഹാസവും വിമര്‍ശനവുമായി മോദി

 

 'ഭാരത് ജോഡോ യാത്ര'യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. "ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു."

മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമ്മദാ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

നർമ്മദാ അണക്കെട്ടിന് എതിര്‍ത്തവരുടെ തോളിൽ കൈവെച്ചാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോള്‍ കോൺഗ്രസിനോട് ചോദിക്കൂ എന്ന് വോട്ടര്‍മാരോട് പ്രധാനമന്ത്രി മോദി പറഞ്ഞു.

നിലവിൽ മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന പദയാത്രയിൽ ഈ ആഴ്ച ആദ്യം മേധാ പട്കറും രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു.  2017ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരായ മേധാ പട്കറുടെ പ്രചാരണത്തെ ബിജെപി മുന്‍പും എതിര്‍ത്തിരുന്നു.  'നർമ്മദാ ബച്ചാവോ ആന്ദോളൻ' എന്ന പേരില്‍ നര്‍മദ സരോവര്‍ പദ്ധതി കുടിയൊഴിപ്പിക്കുന്നവര്‍ക്കായി പ്രക്ഷോഭം നടത്തിയ വ്യക്തിയാണ് മേധാ പട്കര്‍. 

നർമ്മദാ അണക്കെട്ടിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും സൗരാഷ്ട്രയിലെ ജനങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിനെ എതിർക്കുകയും ചെയ്ത മേധാ പട്കർ "നർമ്മദ വിരുദ്ധ, ഗുജറാത്ത്, സൗരാഷ്ട്ര വിരുദ്ധ" ആണെന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ശനിയാഴ്ച പറഞ്ഞിരുന്നു. ഇത്തരക്കാർ രാഹുൽ ഗാന്ധിക്കൊപ്പം ചേരുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.

ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവർക്കുവേണ്ടിയാണ് കോൺഗ്രസ് എംപി നിലകൊള്ളുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു.