പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപ

 

പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ തുടരുന്ന പൊലീസ് നടപടിയിൽ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി സിജെപി. സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സംഘടന വ്യക്തമാക്കി.

അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് സിജെപി നിലപാട് കടുപ്പിച്ചത്. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാരെതിരെ നടപടിയുണ്ടാകില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചതെന്നും ,ഇത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ചർച്ചകളിൽ കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കാളികളായ ജെപി നഡ്ഡയും ഡോ ജിതേന്ദ്ര സിങും തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഉറപ്പ് നല്‍കിയതില്‍ നിന്നും മാറിയത് വിശ്വാസവഞ്ചനയാണ്. ഇത് യുവാക്കള്‍ അംഗീകരിക്കില്ല. വാഗ്ദാനങ്ങള്‍ നല്‍കുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി പറഞ്ഞു. വളണ്ടിയര്‍ മുഹമ്മദ് ജുനൈദിനെ കുറിച്ച് നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്നും സിജെപി പറഞ്ഞു.