വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി: പാർലമെന്റ് ഇന്നും സ്തംഭിച്ചു; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം
ഡൽഹിയിലെ പ്രതിഷേധങ്ങങ്ങളിൽ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവിശ്യപ്പെട്ട് ഇന്നും പാര്‍ലമെന്റ് സ്തംഭിച്ചു . രാജ്യചരിത്രത്തില്‍ വിദ്യാര്‍ഥികള്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു. ഇരുസഭകളും ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ പിരിഞ്ഞു
ചോദ്യോത്തരവേള ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മറ്റ് വിഷയങ്ങൾ ചോദ്യോത്തരവേളയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ ഓം ബിർല അറിയിച്ചെങ്കിലും, അമിത് ഷായുടെ മറുപടി ലഭിക്കാതെ സഭാ നടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. സഭയുടെ അന്തസ്സും മര്യാദയും പാലിക്കണമെന്നും അംഗങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധം തുടരുന്നതിനിടെ ലോക്സഭ പന്ത്രണ്ട് മണിവരെ നിർത്തിവെക്കുകയായിരുന്നു.
രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. പിന്നാലെചട്ടം 267 പ്രകാരം ഇപ്പൊള്‍ വിഷയം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഷയത്തില്‍ ഉന്നയിക്കാമെന്ന് ഖര്‍ഗെ മറുപടി നല്‍കി. ഇതോടെ സഭയുടെ അനുവാദം വേണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങള്‍ എന്ന് ഖര്‍ഗെ തിരിച്ചടിച്ചു. പിന്നാലെ രാജ്യസഭയും 12 മണിവരെ നിർത്തി വെക്കുകയായിരുന്നു.