‘രാഷ്ട്രീയം പൂർണമായും അഴിമതിമയമായി; ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറഞ്ഞ് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവിലെ രാഷ്ട്രീയ അന്തരീക്ഷം അഴിമതി നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കില്ലെങ്കിലും പൊതുരംഗത്ത് തുടരുമെന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
വരുണ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടണമെന്ന് പ്രാദേശിക നേതൃത്വവും ജനങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആ തീരുമാനത്തിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "പണ്ട് പ്രചാരണത്തിന് ജനങ്ങൾ ഇങ്ങോട്ട് പണം നൽകി സഹായിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് പണം കൊടുത്താൽ മാത്രം വോട്ട് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. സത്യസന്ധമായ രാഷ്ട്രീയത്തിന് പ്രസക്തിയില്ലാതായി" - സിദ്ധരാമയ്യ പറഞ്ഞു.
പ്രായവും വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. 79 വയസായ തനിക്ക് നിലവിലെ സർക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും 81-82 വയസ്സാകും. പഴയ ആവേശത്തോടെ ഓടിനടന്ന് പ്രവർത്തിക്കാനുള്ള ശാരീരിക ശേഷിയില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച സിദ്ധരാമയ്യക്ക് 2028-ഓടെ പൊതുജീവിതത്തിൽ 50 വർഷം തികയും. വീഴ്ചകളും നേട്ടങ്ങളും നിറഞ്ഞ അരനൂറ്റാണ്ടിൽ ഒരിക്കൽപോലും സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ചിട്ടില്ലെന്ന ആത്മസംതൃപ്തിയുണ്ടെന്നും ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.