ബംഗാളിൽ പോളിങ് 90 ശതമാനത്തിലേക്ക്; വോട്ടിങ് മെഷീനിൽ വ്യാപക കൃത്രിമമെന്ന് ബിജെപി, അന്വേഷണത്തിന് ഉത്തരവ്

 

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ റെക്കോർഡ് പോളിങ്. അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 89.99 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്നാൽ, പോളിങ്ങിനിടെ ഡയമണ്ട് ഹാർബറിലെ ഫൽത്ത ഉൾപ്പെടെയുള്ള വിവിധ മണ്ഡലങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി ബിജെപി ആരോപിച്ചു. ബിജെപി, സിപിഎം സ്ഥാനാർത്ഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചതായാണ് പരാതി.

അഭിഷേക് ബാനർജി എംപിയുടെ സ്വാധീനമേഖലയായ സൗത്ത് 24 പർഗാനാസിലെ ഡയമണ്ട് ഹാർബറിലാണ് പ്രധാനമായും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. ഫൽത്തയിലെ ഹരിദംഗ ഹൈസ്‌കൂളിലെ ബൂത്തിലുൾപ്പെടെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പുറത്തുവിട്ടു. പരാതിയെത്തുടർന്ന് ചില ബൂത്തുകളിൽ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വോട്ടിങ് യന്ത്രത്തിലെ ബട്ടണുകൾ മറച്ചതായി പ്രാഥമിക തെളിവുകൾ ലഭിച്ചെന്നും കൃത്രിമം സ്ഥിരീകരിച്ചാൽ ഈ ബൂത്തുകളിൽ റീ-പോളിങ് നടത്തുമെന്നും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. അതേസമയം, പരാജയഭീതി മൂലം ബിജെപി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളാണിതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും ടിഎംസി വക്താവ് റിജു ദത്ത ആരോപിച്ചു.