പവർബാങ്കിന് തീപ്പിടിച്ച് പൊട്ടിത്തെറി; ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

 

ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്.

ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോയുടെ 6E 6115 വിമാനത്തിനുള്ളിലെ ഓവർഹെഡ് ബിന്നിൽ വെച്ചിരുന്ന പവർബാങ്കിൽ നിന്നാണ് പുകയും തീയും ഉയർന്നത്. ഉടൻ തന്നെ ക്യാബിൻ ക്രൂ അംഗങ്ങൾ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. മുൻകരുതലിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് തിരിച്ചുവിട്ട വിമാനം ശംഷാബാദ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരെ ചെന്നൈയിലെത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.