കന്നി ജനവിധി തേടി പ്രശാന്ത് കിഷോർ; ബിഹാറിലെ ബങ്കിപുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും

 

രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിഹാറിലെ ബങ്കിപുർ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ താൻ ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പട്നയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് 48കാരനായ പ്രശാന്ത് കിഷോർ തന്റെ കന്നി തെരഞ്ഞെടുപ്പ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ ജനപ്രീതി അളക്കുന്ന 'ജനഹിതപരിശോധന' ആയിരിക്കുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

രണ്ടുമാസം മാത്രം പ്രായമുള്ള സമ്രാട്ട് ചൗധരി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള അവസരമാണിതെന്നും, ജനവിധിയില്ലാതെയാണ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രി പദവിയിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ബങ്കിപുരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 1990കൾ മുതൽ ബിജെപിയുടെ ശക്തമായ കോട്ടയായ ഈ മണ്ഡലത്തിൽ തിങ്കളാഴ്ച മുതൽ നാമനിർദേശ പത്രിക സമർപ്പിക്കൽ ആരംഭിക്കും.

ജൂലൈ 13 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 30ന് വോട്ടെടുപ്പും ഓഗസ്റ്റ് 3ന് വോട്ടെണ്ണലും നടക്കും. പ്രശാന്ത് കിഷോറിന്റെ സ്ഥാനാർത്ഥിത്വത്തിന് ജൻ സുരാജ് കോർ കമ്മിറ്റി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, ബിജെപിയും ആർജെഡി-കോൺഗ്രസ് സഖ്യവും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവിന്റെ ജൻശക്തി ജനതാദൾ വീണാ മാൻവിയെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.