ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന ആരോപണം; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീം കോടതി

 

ഗർഭിണിയായ മാധ്യമപ്രവർത്തകയെ തള്ളിയിട്ടെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും മറ്റുള്ളവരോടും വിശദീകരണം തേടി സുപ്രീം കോടതി.ഒക്റ്റോബർ 12ന് സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെ ഗർഭിണിയായ മാധ്യമപ്രവർത്തകയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന ആരോപണത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ച് നോട്ടീസ് നൽകിയത്.

വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ, നിലവിൽ പരിഗണനയിലുള്ള ഒരു ഹർജിയിൽ ഇതുസംബന്ധിച്ച അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. കോടതി വളപ്പിൽ വനിതാ മാധ്യമപ്രവർത്തകയെ കൈയേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധി പെട്ടെന്ന് മാധ്യമപ്രവർത്തകയെ ഗേറ്റിന് നേരെ തള്ളിയെന്നും ശക്തമായ തള്ളലിൽ ബാലൻസ് നഷ്ടപ്പെട്ട് വീഴുകയും ചെയ്തെന്നാണ് ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ പരസ്യമായാണ് സംഭവം നടന്നതെന്നും പറയുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരേ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നഷ്ടപരിഹാരം നൽകാനും നിർദേശിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം.