ഗർഭിണിയായ യുവതിയും രണ്ട് മക്കളും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

 

ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപണം. തെലങ്കാന ഹനുമാകൊണ്ട സ്വദേശിനി ഫർഹത്ത് (26), മക്കളായ ഹുമേറ (8), ആയിശ (6) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ച വൈകീട്ട് വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ അസറുദ്ദീന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ നീന്തൽക്കുളത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഭാര്യയും കുട്ടികളും അബദ്ധത്തിൽ കുളത്തിൽ വീണെന്നാണ് അസറുദ്ദീൻ പോലീസിന് നൽകിയ മൊഴി. നാട്ടുകാർ ചേർന്ന് ഇവരെ പുറത്തെടുത്തെങ്കിലും മൂവരും അപ്പോഴേക്കും മരിച്ചിരുന്നു. എന്നാൽ അസറുദ്ദീന്റെ മൊഴി വിശ്വസനീയമല്ലെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും ഫർഹത്തിന്റെ കുടുംബം ആരോപിക്കുന്നു.

ഫർഹത്ത് ആൺകുഞ്ഞിന് ജന്മം നൽകാത്തതിനെ ചൊല്ലി അസറുദ്ദീൻ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ബന്ധുക്കൾ പരാതിപ്പെട്ടു. ഫർഹത്ത് മൂന്നാമതും ഗർഭിണിയായപ്പോൾ അത് പെൺകുഞ്ഞായിരിക്കുമെന്ന് കരുതി ഗർഭഛിദ്രം നടത്താൻ അസറുദ്ദീൻ നിർബന്ധിച്ചിരുന്നു. ഇതിന് ഫർഹത്ത് തയ്യാറാകാത്തതിനെത്തുടർന്ന് ദമ്പതിമാർക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും കുടുംബം പോലീസിനെ അറിയിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ അസറുദ്ദീനെതിരെ കേസെടുത്ത പോലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അറിയിച്ചു.